കേരളം
മുൻ എംഎൽഎയുടെ മകന്‍റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ കേരളം സുപ്രീംകോടതിയിൽ
കെ രാമചന്ദ്രൻ നായരുടെ മകന്‍റെ ആശ്രിത നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ആശ്രിത നിയമനം കേരള ഹൈക്കോടതി റദ്ദാക്കിയതെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. മന്ത്രിസഭാ തീരുമാനത്തിൽ പിഴവില്ലെന്നും ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
അതിരൂക്ഷ വിമര്‍ശനത്തോടെ കേരള ഹൈക്കോടതി റദ്ദാക്കിയ ആശ്രിത നിയമനത്തെ ന്യായീകരിച്ചാണ് സുപ്രീംകോടതിയിൽ സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി. അന്തരിച്ച മുൻ ചെങ്ങന്നൂര്‍ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആര്‍. പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് 2018 ജനുവരിയാണ് സര്‍ക്കാര്‍ നിയമനം നൽകിയത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇത് വഴിവെച്ചിരുന്നു.
ഒരു പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഈ നിയമനം കേരള ഹൈക്കോടതി റദ്ദാക്കിയത്. സര്‍വ്വീസിലിരിക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചാൽ ചില പ്രത്യേക സാഹചര്യത്തിൽ നൽകുന്ന ആശ്രിത നിയമനം എംഎൽഎയുടെ മകന് എങ്ങനെ നൽകുമെന്ന ചോദ്യത്തോടെയായിരുന്നു ഹൈക്കോടതി നടപടി. എന്നാൽ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി നിയമപരമായി തെറ്റാണെന്ന് സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജിയിൽ സര്‍ക്കാര്‍ പറയുന്നു.
വേണ്ടത്ര യോഗ്യതയില്ലെങ്കിലോ, ചട്ടങ്ങൾ മറികടന്നോ നിയമനം നടന്നിട്ടുണ്ടെങ്കിൽ കോടതിക്ക് ഇടപെടാം. അത്തരം സാഹചര്യങ്ങൾ ഇല്ലാതിരിക്കെ ഒരു പൊതുതാല്പര്യ ഹര്‍ജിയിൽ നിയമനം റദ്ദാക്കിയത് തെറ്റാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. നിയമനങ്ങൾക്ക് പ്രത്യേക തസ്തിക സൃഷ്ടിക്കാൻ കേരള സബോര്‍ഡിനേറ്റ് സര്‍വ്വീസ് ചട്ടം 39 പ്രകാരം മന്ത്രിസഭക്ക് അധികാരമുണ്ട്. ആര്‍ പ്രശാന്തിന്‍റെ നിയമനം പൊതുതാല്പര്യ ഹര്‍ജി നൽകിയ വ്യക്തിയെ ബാധിക്കുന്നില്ല. ആരുടെയും ആവകാശങ്ങൾ നിഷേധിക്കലോ, അവസരങ്ങൾ നഷ്ടപ്പെടുത്തലോ അല്ല. അതിനാൽ ആശ്രിത നിയമനം ശരിവെച്ച് കേരള ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.