കേരളം
ചർച്ചയ്ക്കെത്തിയ പിജി ഡോക്ടർമാരെ അപമാനിച്ചെന്ന് പരാതി; സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം
സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിൽ ആരോഗ്യവിദ്യാഭ്യാസവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണാനെത്തിയ പി.ജി ഡോക്ടർമാരെ അപമാനിച്ചതായി പരാതി. കെ.എം.പി.ജി.എ സംസ്ഥാന പ്രസിഡന്റ് അജിത്രയാണ് കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കവേ, ജീവനക്കാരിൽ ഒരാൾ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചെന്ന പരാതി ഉയർത്തിയത്. ഇതേതുടർന്ന് ഇവർ സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്തു കുത്തിയിരിക്കുകയാണ്.
അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണാൻ കാത്തിരിക്കുമ്പോൾ , ഐഡി കാർഡുള്ള ഒരാൾ വന്ന് തന്നോട് കാൽ താഴ്ത്തി ഇട്ട് ഇരിക്കാൻ പറയുകയായിരുന്നു. ഇവിടെ ഒരുപാട് വലിയ ആളുകൾ വരുന്നതാണ് എന്നും പറഞ്ഞു. തനിക്ക് സൗകര്യപ്രദമായി രീതിയിലാണ് ഇരിക്കുന്നതെന്നും എന്താണ് കാലിന് മുകളിൽ കാല് കയറ്റി വച്ച് ഇരുന്നാൽ എന്നും ചോദിച്ചപ്പോൾ “എങ്കിൽ തുണിയുടുക്കാതെ നടന്നോ” എന്നു പറയുകയും ചെയ്തു എന്നാണ് അജിത്രയുടെ പരാതി. തന്നോട് മോശമായി പെരുമാറിയ ആളെക്കുറിച്ച് പൊലീസുകാരോട് ചോദിച്ചപ്പോൾ അവർ വ്യക്തമായ മറുപടി നൽകിയില്ല. ആളെക്കണ്ടാൽ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നും അജിത്ര പറഞ്ഞു.
12 മണിക്ക് എത്തിയ ഇവർക്ക് ഇതുവരെ അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണാൻ അനുവാദം നൽകിയിട്ടില്ല. അനുവാദം വാങ്ങിയാണ് എത്തിയത് എന്നു സമരക്കാർ പറയുമ്പോൾ, ഇന്നലെ മന്ത്രിതലത്തിൽ എടുത്ത തീരുമാനങ്ങൾ നിലനിൽക്കെ താഴെ തലത്തിൽ എങ്ങനെ ചർച്ച നടത്തും എന്നാണ് ചോദ്യം. ഇന്നലെ എടുത്ത തീരുമാനങ്ങളിൽ വ്യക്തതയ്ക്ക് വേണ്ടി കാണാൻ 12 മണിക്ക് സമയം തന്നിരുന്നു എന്നാണ് പി.ജി ഡോക്ടർമാർ പറയുന്നത്.