കേരളം
മുസ്ലീംലീഗ് വർഗീയ പക്ഷത്തേക്ക് ചായുന്നു; മുഖ്യമന്ത്രി
മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി. തീവ്രവാദ സംഘടനകളുടെ മുദ്രാവാക്യങ്ങൾ ലീഗ് ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വഖഫ് പ്രശ്നത്തിൽ ലീഗ് മത തീവ്ര നിലപാടിലേയ്ക്ക് മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രി ലീഗിനെതിരെ വീട്ടുവീഴ്ചയില്ലാത്ത വിമർശനം നടത്തിയത്. കേരളം വർഗീയമായി ഭിന്നിക്കണമെന്നാണ് സംഘപരിവാറും ഇസ്ലാമിക തീവ്രവാദികളും ആഗ്രഹിക്കുന്നത്. രണ്ടു കൂട്ടരും സമൂഹ മാധ്യമങ്ങളിലൂടെ ഇതിന് വേണ്ടി പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ മുതിർന്ന പാർട്ടി അംഗം കെ.എം. സുധാകരൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിൽ രാഷ്ട്രീയ, സംഘടനാ ചർച്ചകൾ നടക്കും.
തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് മുതിർന്ന നേതാക്കൾക്കെതിരെയെടുത്ത നടപടിയുൾപ്പെടെ സമ്മേളനത്തിൽ ചർച്ച ചെയും. ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും പുതുമുഖങ്ങളും ഇടംപിടിക്കും. കളമശേരി ആശിഷ് കൺവെൻഷൻ സെന്ററിലെ അഭിമന്യു നഗറിൽ നടുന്ന സമ്മേളനം 16ന് സമാപിക്കും.