കേരളം
ചായക്കട നടത്തി ലോകം ചുറ്റിയ സഞ്ചാരി വിജയൻ അന്തരിച്ചു
ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചി കടവന്ത്ര സ്വദേശിയായ വിജയൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഭാര്യയുമൊത്തുള്ള ലോകസഞ്ചാരം. ശ്രീ ബാലാജി കോഫി ഹൗസ് നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്.
16 വർഷത്തോളം നീണ്ട ലോക സഞ്ചാരത്തിൽ 26 രാജ്യങ്ങളാണ് വിജയനും ഭാര്യയും സന്ദർശിച്ചത്. 2007ൽ ഈജിപ്ത് സന്ദർശനത്തിലൂടെ ആരംഭിച്ച വിദേശയാത്ര കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ യാത്രയോടെയാണ് സമാപിച്ചത്. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം.
ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം നടത്തിയ ലോക യാത്രകളാണ് വിജയനെ മലയാളികൾക്ക് സുപരിചിതനാക്കിയത്. ചായ കടയിലെ സമ്പാദ്യവും ചിട്ടി പിടിച്ചു കിട്ടിയ പണവും ചിലപ്പോൾ കെഎസ്എഫ്ഇയിൽ നിന്നെടുത്ത വായ്പകളുമായി അവർ ലോക സഞ്ചാരത്തിനായി ഇറങ്ങുമായിരുന്നു.
തിരികെ വന്നു ആ കടം വീട്ടാനായി അധ്വാനിക്കും. ആ ആ കടം വീടി കഴിഞ്ഞാൽ പിന്നെ അടുത്ത യാത്രക്കുള്ള തയാറെടുപ്പുകളായിരിക്കും. കോഫി ഷോപ്പില്‍ മറ്റു ജോലിക്കാരെ ആരെയും നിര്‍ത്താതെ എല്ലാ ജോലികളും ഈ ദമ്പതികള്‍ തനിച്ചു തന്നെയാണ് ചെയ്തിരുന്നത്.
മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര വിജയന്-മോഹന ദമ്പതികളുടെ കഥ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ട്രാവല്‍ ബ്ലോഗറായ ഡ്ര്യൂ ബ്ലിന്‍സ്കി തയ്യാറാക്കിയ വീഡിയോ ആനന്ദ് റീട്വീറ്റ് ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഈ വീഡിയോ പിന്നാലെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു