കേരളം
തിരുവല്ല താലൂക്കിന് നാളെ പ്രാദേശിക അവധി
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് തിരുവല്ല താലൂക്കിന് നാളെ പ്രാദേശികഅവധി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാളെയാണ് ക്ഷേത്രത്തില്‍ പൊങ്കാല നടക്കുക. നാടാകെ യാഗശാലയാകുന്ന പതിവില്‍ നിന്നു മാറി, ക്ഷേത്രത്തില്‍ ഒരുക്കുന്ന 7 പണ്ടാരയടുപ്പുകളില് മാത്രമാകും പൊങ്കാല തയാറാക്കുക.
ഭക്തര്‍ക്കു പൊങ്കാലയിടാന്‍ അനുവാദമില്ല. ക്ഷേത്രദര്‍ശനത്തിന് അവസരമുണ്ടാകും. നാളെ പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനും ഗണപതിഹോമത്തിനും ശേഷം ചടങ്ങുകള്‍ ആരംഭിക്കും. ശ്രീകോവിലില്‍ നിന്നു പകരുന്ന ദീപം കൊടിമരച്ചുവട്ടിലെ പണ്ടാരയടുപ്പിനു സമീപം മേല്‍ശാന്തിമാര്‍ എത്തിക്കുന്നതോടെയാണു പൊങ്കാലച്ചടങ്ങുകള്‍ തുടങ്ങുന്നത്.
വേദപണ്ഡിതന് രമേശ് ഇളമണ്‍ നമ്പൂതിരി നടത്തുന്ന വിളിച്ചുചൊല്ലി പ്രാര്‍ഥനയ്ക്കു ശേഷം, മുഖ്യ കാര്യദര്‍ശിമാരുടെ കാര്‍മികത്വത്തില്‍ പൊങ്കാല നിവേദ്യം തയാറാക്കാനുള്ള ആദ്യ മൂന്നു പിടി ഉണക്കലരി ഇടും. തുടര്‍ന്ന് വിശിഷ്ടവ്യക്തികളും ഭക്തരും അരി പകരും.പിന്നീട് നെയ്ത്തിരിയില് നിലവറദീപം കൊളുത്തി പൊങ്കാല അടുപ്പില്‍ അഗ്നി പകരും. ഇവിടെനിന്നു മറ്റ് 6 പണ്ടാരയടുപ്പുകളിലും തീ പകരും. പൊങ്കാല സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും.