കേരളം
അതിരപ്പിള്ളി, വാഴച്ചാല്‍ തുറന്നു; മലക്കപ്പാറയിലേക്കും പ്രവേശനം
കനത്ത മഴയെത്തുടര്‍ന്ന് പ്രവേശനം നിരോധിച്ച തൃശൂര്‍ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നു. അതിരപ്പിള്ളി, വാഴച്ചാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് തുറന്നത്. ഇവിടങ്ങളിലേക്ക് രാവിലെ മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
മലക്കപ്പാറയിലേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും പിന്‍വലിച്ചിട്ടുണ്ട്. ആളുകള്‍ക്ക് മലക്കപ്പാറയിലേക്ക് പോകാമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. മഴ കുറഞ്ഞ സാഹചര്യത്തിലാണ് വിലക്ക് പിന്‍വലിച്ചത്.
അതേ സമയം കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ നിലവിൽ ഇല്ല.തുലാവർഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഉണ്ടാവുക. ഇരട്ട ന്യൂനമര്‍ദ്ദം നിലവിലുണ്ടെങ്കിലും കേരളത്തില്‍ വലിയ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
അറബിക്കടലിലെ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ദിശയിൽ അകന്ന് പോവുകയാണ്. ഇതിന്റെ സ്വാധീനഫലമായി വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്നാട്, ആന്ധ്രാ തീരത്ത് പ്രവേശിക്കും. ഇതിന്റെ പ്രഭാവത്തിൽ വെള്ളിയാഴ്ച മുതൽ, കേരളത്തിൽ മഴ വീണ്ടും സജീവമാകും.
കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിൻറെ ഷട്ടർ അടച്ചു. രാത്രി ഒൻപതേമുക്കാലിനാണ് ഷട്ടർ അടച്ചത്.ഇടുക്കി ജലനിരപ്പ് 2399.14 അടിയാണിപ്പോൾ. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെജലനിരപ്പിൽ ഇന്നലെ വൈകിട്ട് നേരിയ വർദ്ധന ഉണ്ടായി.മുല്ലപ്പെരിയാർ 140.65 അടിയായി ഉയർന്നു