കേരളം
ഡെങ്കിപ്പനി വ്യാപിക്കുന്നു; കേരളം അടക്കം ഒമ്പതു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തും
ഡെങ്കിപ്പനി വ്യാപകമാകുന്നത് കണക്കിലെടുത്ത് കേരളം അടക്കം ഒമ്പതു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം വരുന്നു. കേരളം, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് വിദഗ്ധ സംഘങ്ങളെ അയയ്ക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
രാജ്യത്താകെ ഇതിനകം 1,16,991 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഒക്ടോബറില്‍ ഉയര്‍ന്നതോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് പരമാവധി കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മൊത്തം ഡെങ്കിപ്പനി കേസുകളില്‍ 86 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.
ഇതു കണക്കിലെടുത്താണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും നാഷനല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് പ്രോഗ്രാം (എന്‍വിബിഡിസിപി), നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍സിഡിസി), റീജണല്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന കേന്ദ്ര സംഘത്തെ അയയ്ക്കുന്നത്.
രോഗ നിയന്ത്രണത്തിന്റെ സ്ഥിതി, മരുന്നുകളുടെയും ലഭ്യത, മുന്‍കൂട്ടി രോഗം കണ്ടെത്തല്‍, രോഗ നിയന്ത്രണ നടപടികളുടെ സ്ഥിതി തുടങ്ങിയവ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് സംഘത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡിന് പിന്നാലെ ഡെങ്കിപ്പനിയും വ്യാപകമാകുന്ന സാഹചര്യത്തില്‍ ദീപാവലി ആഘോഷവേളയില്‍ ജനങ്ങള്‍ മാസ്കും സാമൂഹിക അകലവും അടക്കമുള്ള സുരക്ഷാമുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു.