കേരളം
സംസ്ഥാനത്തെ കോളജുകൾ ഇന്ന് മുതൽ സമ്പൂർണ അധ്യായനത്തിലേക്ക്
സംസ്ഥാനത്തെ കോളജുകൾ ഇന്ന് മുതൽ സമ്പൂർണ അധ്യായനത്തിലേക്ക്. ഒന്നര വർഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് കോളജിലേക്ക് മുഴുവൻ വിദ്യാർത്ഥികളും എത്തുന്നത്. ഈ മാസം 18ന് ക്ലാസുകൾ ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മഴ രൂക്ഷമായതോടെയാണ് 25ലേക്ക് മാറ്റുകയായിരുന്നു. ഇതോടെ വീണ്ടും കോളജുകൾ സജീവമാകും.
ഒക്ടോബർ നാലുമുതൽ പിജി വിദ്യാർഥികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും ക്ലാസ് തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബാക്കി ബിരുദ ക്ലാസുകൾ കൂടി ആരംഭിക്കുന്നത്. കർശന നിയന്ത്രണങ്ങളോടെയാണ് കോളജുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം. പി.ജി ക്ലാസുകൾ മുഴുവൻ വിദ്യാർഥികളെ ഉൾപ്പെടുത്തിയും ബിരുദ ക്ലാസുകൾ ആവശ്യമെങ്കിൽ ബാച്ചുകളാക്കി ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താമെന്നാണ് സർക്കാർ ഉത്തരവ്.
ക്ലാസുകൾ ഒറ്റ സെഷനിൽ രാവിലെ എട്ടര മുതൽ ഉച്ചക്ക് ഒന്നര വരെ നടത്താം. അെല്ലങ്കിൽ ഒമ്പത് മുതൽ മൂന്നുവരെ/ഒമ്പതര മുതൽ മൂന്നര വരെ/പത്ത് മുതൽ നാലുവരെ സമയക്രമങ്ങളിലൊന്ന് സൗകര്യപൂർവം കോളജ് കൗൺസിലുകൾക്ക് തെരഞ്ഞെടുക്കാം. എൻജിനീയറിങ് കോളജുകളിൽ നിലവിലുള്ള രീതിയിൽ ആറ് മണിക്കൂർ ദിവസേന ക്ലാസ് നടത്താം.
അധ്യാപകരും വിദ്യാർത്ഥികളും വാക്സിൻ എടുക്കണം. വിമുഖത മൂലം വാക്സിൻ എടുക്കാത്ത അധ്യാപകരെയും വിദ്യാർഥികളെയും കോളജിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഉത്തരവിലുണ്ട്. 18 വയസ്സ് തികയാത്തതിനാൽ വാക്സിനെടുക്കാൻ കഴിയാത്തവരെയും രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ലാസിൽ പ്രവേശിപ്പിക്കാം. ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതും സാധനങ്ങൾ കൈമാറുന്നതും ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നത്.