കേരളം
മുട്ടില്‍ മരംമുറി; സ്വമേധയാ കേസെടുത്ത് ഹരിത ട്രിബ്യൂണല്‍
മാദ്ധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുട്ടില്‍ മരംമുറികേസില്‍ ഗ്രീന്‍ ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. ഓഗസ്റ്റ് 31നകം ചീഫ് സെക്രട്ടറിയും റവന്യു, വനം സെക്രട്ടറിമാരും മറുപടി നല്‍കണമെന്ന് ട്രിബ്യൂണലിന്റെ ദക്ഷിണ മേഖലാ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
മുറിച്ച മരങ്ങളുടെ എണ്ണം, മരം മുറി കൊണ്ടുണ്ടായ പാരിസ്ഥിതിക ആഘാതം, പരിസ്ഥിതി നിയമങ്ങളുടെ ലംഘനം എന്നീ കാര്യങ്ങള്‍ മറുപടിയില്‍ വിശദമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെയും റവന്യൂ, വനം സെക്രട്ടറിമാരുടേയും റിപ്പോര്‍ട്ട് കൂടാതെ വയനാട് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പട്ടയ ഭൂമിയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്നും 701 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഒരാളെപ്പോലും ഇതുവരെ അറസ്റ്റു ചെയ്യാത്തത് പ്രതികളുമായുള്ള ഒത്തുകളിയാണെന്ന് പറയേണ്ടിവരുമെന്നും കഴിഞ്ഞദിവസം ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
മരംമുറിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ മറവില്‍ വന്‍തോതില്‍ മുറിച്ചുകടത്തിയ കേസുകളില്‍ അന്വേഷണം ഫലപ്രദമല്ലെന്നും സി ബി ഐ വേണമെന്നും ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ നിരീക്ഷണം.