കേരളം
ജൂൺ മാസത്തെ സൗജന്യ കിറ്റ് വിതരണം നാളെ അവസാനിക്കും
സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള ജൂൺ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നാളെ അവസാനിക്കും. ഓണക്കിറ്റ് വിതരണം 31ന് ആരംഭിക്കാൻ തീരുമാനിച്ചതിനാലാണു ജൂൺ കിറ്റ് വിതരണം നാളെ അവസാനിപ്പിക്കുന്നത്.
ജൂൺ 10ന് വിതരണം ആരംഭിച്ച ശേഷം ആകെയുള്ള 90.67 ലക്ഷം കാർഡ് ഉടമകളിൽ 78.27 ലക്ഷം പേർക്കാണ് ഇതുവരെ കിറ്റ് നൽകിയത്. അതേസമയം സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണം കിറ്റ് വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണം ആഗസ്റ്റ് 16നു മുമ്പ് പൂർത്തിയാക്കാനാണ് നിർദ്ദേശം.
ഇതുകൂടാതെ കഴിഞ്ഞ മാസത്തെ കിറ്റ് വിതരണം നാളെയോടെ പൂർത്തിയാക്കാനും ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ റേഷൻ കടകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ഓണക്കിറ്റ് ഈ മാസം 31 മുതൽ ഓഗസ്റ്റ് 2വരെ മഞ്ഞ കാർഡ് ഉടമകൾക്കും (എഎവൈ), ഓഗസ്റ്റ് നാല് മുതൽ ഏഴ് വരെ പിങ്ക് കാർഡുകാർക്കും (പിഎച്ച്എച്ച്),
ഒൻപത് മുതൽ 12 വരെ നീല കാർഡുകാർക്കും (എൻപിഎസ്) 13 – 16 വരെ വെള്ള കാർഡുകാർക്കുമാണ് വിതരണം ചെയ്യുക. റേഷൻ കാർഡ് ഉടമകൾക്ക് 17 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റാണ് ലഭിക്കുക. സംസ്ഥാനത്തെ 86 ലക്ഷം കാർഡ് ഉടമകൾക്കാണ് ഓണം കിറ്റ് വിതരണം ചെയ്യുക.