കേരളം
കടകൾ തുറന്നാൽ കേസെടുക്കും; കോഴിക്കോട് മിഠായി തെരുവിൽ വഴിയോര കച്ചവടക്കാർക്ക് പൊലീസിന്റെ മുന്നറിയിപ്പ്
ബക്രീദ് പ്രമാണിച്ച് ലോക്ഡൗണിൽ സർക്കാർ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും, കോഴിക്കോട് മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവർത്തിക്കരുതെന്ന് പൊലീസ്. നിർദേശം ലംഘിച്ച് കച്ചവടം നടത്തിയാൽ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.കട തുറക്കാൻ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാർ ഇന്ന് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിനെ കാണാൻ തീരുമാനിച്ചിട്ടുണ്ട്.
ലോക്ഡൗൺ നിയന്ത്രണം പാലിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം മിഠായി തെരുവിൽ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് ഒഴിപ്പിച്ചിരുന്നു.
ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസമാണ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിലാണ് ഇളവുകൾ അനുവദിക്കുക. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള ഡി വിഭാഗത്തിൽ ഇളവുകൾ ഉണ്ടായിരിക്കില്ല. 21 ന് ആണ് ബക്രീദ്. മൂന്നു ദിവസങ്ങളിൽ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി എന്നീ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം.
കൂടാതെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഇന്ന് വ്യാപാരികളുമായി നടത്തിയ ചർച്ചകളെ തുടർന്ന് ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.