കേരളം
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഇ-സഞ്ജീവനി സേവനം ശക്തിപ്പെടുത്തി
സംസ്ഥാനത്ത് കൊവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ-സഞ്ജീവനി.
ഇപ്പോള്‍ സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവരും ടെലി മെഡിസിന് സേവനം ഉപയോഗിക്കേണ്ടതാണ്. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍. എന്നിവര്‍ക്കും ഇ-സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ ആരോഗ്യ ആവശ്യങ്ങള്‍ക്കും ഇ-സഞ്ജീവിനി ടെലി മെഡിസിന് സേവനങ്ങളെ ആശ്രയിക്കാവുന്നതാണ്. ഇതിലൂടെ മതിയായ കാരണങ്ങളില്ലെങ്കില്‍ ആശുപത്രി സന്ദര്‍ശനവും രോഗ പകര്‍ച്ചയും ഒഴിവാക്കാനാകും. ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് ആശുപത്രിയില്‍ നേരിട്ടു പോകാതെ ഓണ്‍ലൈന്‍ വഴി ചികിത്സ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോട് കൂടി തുടക്കം കുറിച്ച ഇ-സഞ്ജീവനി വഴി സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 33 തരം വിവിധ ഒ.പി.ഡി. സേവനങ്ങളാണ് നല്‍കുന്നത്.
എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് ജനറല്‍ ഒ.പി പ്രവര്‍ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. ഇതിനായി ആദ്യമായി https://esanjeevaniopd.in/ എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.