ദേശീയം
ഒരു വര്‍ഷത്തിനിടെ ആദ്യമായി പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു
കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ജനം പൊറുതിമുട്ടുന്നതിനിടെ, ഒരു വര്‍ഷത്തിന് ശേഷം ആദ്യമായി പെട്രോള്‍, ഡീസല്‍ വിലയിൽ കുറവ്. പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറഞ്ഞത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയാണ് അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കുറഞ്ഞത്.
അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞപ്പോള്‍ അത് ഇന്ത്യയിലും പ്രതിഫലിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ധനവില കുറഞ്ഞതോടെ, തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ 87 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് 87 രൂപ 35 പൈസയാണ് തിരുവനന്തപുരത്തെ വില. കൊച്ചിയില്‍ 90 രൂപ 86 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കോഴിക്കോട് 91 രൂപ 24 പൈസ നല്‍കണം ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍.
85 രൂപ 41 പൈസയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില. കോഴിക്കോട്ട് 85 രൂപ 82 പൈസ നല്‍കണം. രാജ്യതലസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം ലിറ്ററിന് 90 രൂപ 99 പൈസ, 81 രൂപ 30 പൈസ എന്നിങ്ങനെയാണ്. ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് വില കുറയുന്നത്. 2020 മാര്‍ച്ച് 16നാണ് ഇതിന് മുന്‍പ് ഇന്ധനവില കുറഞ്ഞത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷം അടക്കം നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം രാജ്യത്തെ ചില പ്രദേശങ്ങളില്‍ ഇന്ധനവില 100 രൂപ കടന്നിരുന്നു. രാജസ്ഥാന്, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് ഒരു ലിറ്റര്‍ പെട്രോള്‍ വില 100 കടന്നത്.