കേരളം
കോവിഡ് മൂന്നാംതരംഗത്തില്‍ ആശങ്ക; കുട്ടികള്‍ക്ക് കോവിഡ് വാക്‌സീനെടുക്കാന്‍ തയ്യാറെന്ന് 63% രക്ഷിതാക്കള്‍
കോവിഡ് മൂന്നാം തരംഗത്തില്‍ ആശങ്ക നിലനില്‍ക്കെ പ്രതിരോധ കുത്തിവയ്പ് ആരംഭിക്കുമ്ബോള്‍ കുട്ടികള്‍ക്കു കോവിഡ് വാക്‌സീന്‍ എടുക്കാന്‍ 63% രക്ഷിതാക്കള്‍ തയാറാണെന്നു റിപ്പോര്‍ട്ട്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള വര്‍ധമാന്‍ മഹാവീര്‍ കോളജ് ആന്‍ഡ് സഫ്ദര്‍ജങ് ആശുപത്രി നടത്തിയ സര്‍വേയിലെ കണ്ടെത്തലുകള്‍ ഫാമിലി മെഡിസിന്‍ ആന്‍ഡ് ഫാമിലി ഹെല്‍ത്ത് കെയര്‍ ജേണലിലാണു പ്രസിദ്ധീകരിച്ചത്.
കുട്ടികള്‍ക്ക് ഓറല്‍ വാക്‌സീന്‍ ആവശ്യമാണെന്ന് 44.3% പേരും ഇന്‍ജക്ഷനാണു വേണ്ടതെന്ന് 55.6% പേരും അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ സൈഡസ് കാഡിലയുടെ സൈകോവ്ഡി വാക്‌സീന്‍ 12 മുതല്‍ 17 പ്രായക്കാരിലെ അടിയന്തര ഉപയോഗത്തിന് ഓഗസ്റ്റ് 20ന് അനുമതി നല്‍കിയിരുന്നു.
പൊതുവെ വാക്‌സിനേഷനോടു 70.44% പേര്‍ അനുകൂല മറുപടി അറിയിച്ചപ്പോള്‍, 29.55% പേര്‍ വിമുഖത പ്രകടിപ്പിച്ചു. സര്‍വേയില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകരില്‍ 72.58% പേര്‍ തങ്ങളുടെ കുട്ടികള്‍ക്കും കുത്തിവയ്പ് നല്‍കുമെന്നു പറഞ്ഞു; 27.41% പേര്‍ താല്‍പര്യം കാണിച്ചില്ല. ആരോഗ്യ പ്രവര്‍ത്തകര്‍, പ്രഫഷണലുകള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെയാണു സര്‍വേയില്‍ പങ്കെടുത്തതെന്നു ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികള്‍ക്കു കുത്തിവയ്പ് എടുക്കുന്നതിനെപ്പറ്റി പൊതുവെ ആളുകള്‍ക്കു അനുകൂല കാഴ്ചപ്പാടാണെന്നു വര്‍ധമാന്‍ മഹാവീര്‍ കോളജ് ആന്‍ഡ് സഫ്ദര്‍ജങ് ആശുപത്രി കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജുഗല്‍ കിഷോര്‍ പറഞ്ഞു. ‘കോവിഡിനെതിരായി കുട്ടികളുടെ കുത്തിവയ്പിന് 63.1% ആളുകള്‍ തയാറാണെന്നതു നല്ല വാര്‍ത്തയാണ്. ഇതു വാക്‌സിനേഷന്‍ വേഗത്തില്‍ നടത്താന്‍ സഹായിക്കും’ ഡോക്ടര്‍ പറഞ്ഞു.