കേരളം
ജമ്മു കശ്മീരിൽ 3 യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുമെന്ന് അധികൃതർ
ജമ്മുകാശ്മീരിൽ 3 യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അധികൃതർ രംഗത്തെത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് യുവാക്കളെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. അതേ സമയം, മരണ കാരണം അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ബഫലിയാസ് സ്വദേശികളായ സഫീർ ഹുസൈൻ, മുഹമ്മദ് ഷൗക്കത്ത്, ഷാബിർ അഹമ്മദ് എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല, ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ സേന ചോദ്യം ചെയ്ത 13 യുവാക്കളിൽ ഇവരുമുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇത് സംബന്ധിച്ച് വ്യാജ പ്രചാരണം തടയുന്നതിനായാണ് രജൗരിയിലും പൂഞ്ചിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ജമ്മു ജില്ലയിലെ അഖ്നൂറിലെ ഇന്ത്യാ പാക് അതിർത്തിയിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. നാല് ഭീകരരുടെ സാന്നിധ്യമാണ് മേഖലയിൽ കണ്ടെത്തിയത്. ഒരു മൃതദേഹം ഭീകരർ വലിച്ച് കൊണ്ടുപോകുന്നതായി കണ്ടെത്തിയെന്നും സൈന്യം അറിയിച്ചു. വ്യാഴാഴ്ച തുടങ്ങിയ ഭീകരർക്കായുള്ള തെരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഇന്ന് തെരച്ചിലിനായെത്തിച്ചു.