കേരളം
മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസവുമായി കെഎസ്ആര്‍ടിസി; ബംഗലൂരുവിലേക്ക് 23, ചെന്നൈയിലേക്ക് എട്ട് അധിക സര്‍വീസുകള്‍
ക്രിസ്മസ്-ന്യൂഇയര്‍ അവധിക്കാലത്തെ യാത്രാക്ലേശം കണക്കിലെടുത്ത് കൂടുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്താന്‍ തീരുമാനം. ബംഗലൂരുവിലേക്ക് 23 അധിക സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
ചെന്നൈയിലേക്ക് എട്ട് അധിക സര്‍വീസുകളും നടത്തും. ബുക്കിങ്ങ് അനുസരിച്ച് കൂടുതല്‍ സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കും. അവധിക്കാല തിരക്ക് മുതലെടുത്ത് സ്വകാര്യബസുകള്‍ അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസിയുടെ നടപടി.
നിലവില്‍ 49 സര്‍വീസുകളാണ് ബംഗലൂരുവിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്നത്. 23 അധിക സര്‍വീസുകള്‍ കൂടി നടത്തുന്നതോടെ 72 സര്‍വീസുകളാകും അവധിക്കാലത്ത് കെഎസ്ആര്‍ടിസി ബംഗലൂരുവിലേക്ക് നടത്തുക. അവധിക്കാലത്ത് നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ക്ക് ഏറെ ആശ്വാസമാകുകയാണ് കെഎസ്ആര്‍ടിസിയുടെ നടപടി.
അധികസര്‍വീസുകള്‍ ഉടന്‍ തന്നെ ഓടിത്തുടങ്ങുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. സ്വകാര്യബസുകള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.