കേരളം
അഞ്ച് വർഷത്തിനിടെ 12 സ്ത്രീകളെ പത്തനംതിട്ടയിൽ നിന്നും കാണാതായി; അന്വേഷണം ഊർജ്ജിതം
നരബലി കേസിലെ ദമ്പതികളെ പറ്റിയുള്ള അന്വേഷണം പത്തനംതിട്ട പൊലീസും ശക്തമാക്കി. പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുന്നു . ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം.
അന്വേഷണത്തിന് ഭാഗമായി ജില്ലയിൽ നിന്ന് കാണാതായ സ്ത്രീകളുടെ കേസുകൾ പ്രത്യേകം അന്വേഷണ വിധേയമാക്കും. 2017 മുതൽ ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകളെയാണ് ഇതിൽ മൂന്ന് കേസുകളും ആറന്മുളയിലാണ്.
സംഭവങ്ങൾക്ക് നരബലികേസുമായി ബന്ധമുണ്ടാകാൻ സാധ്യത ഉണ്ടൊ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. തിരോധാന കേസുകളൾക്ക് പുറമെ നരബലി കേസ് പ്രതികളെ കുറിച്ചും ജില്ലയിൽ പ്രത്യേക അന്വേഷണം നടത്തും. മുഖ്യപ്രതി ഷാഫി നടത്തിയ പ്രവർത്തനങ്ങൾ, ദമ്പതികളുടെ വിചിത്ര ജീവിത രീതി എന്നിവയാണ് അന്വേഷിക്കുന്നത്.
നരബലി കേസിലെ ഒന്നാം പ്രതി ഷാഫിക്ക് പല സ്ത്രീകളുമായി അടുത്ത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു . ചിലർക്ക് പണം വാഗ്ദാനം ചെയ്ത് പത്തനംതിട്ടക്ക് കൊണ്ടുപോകാൻ ഷാഫി ശ്രമിച്ചതിൻറെ തെളിവുകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പത്തനംതിട്ട ജില്ലയിൽ സ്ത്രീകളെ കാണാതായത് സംബന്ധിച്ച പരാതികൾ വീണ്ടും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്.